കൊല്ലം: ജില്ലയിൽ കൂടുതൽ പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന സൂചന നൽകി ജില്ലാ ഭരണകൂടം. നിലവിലെ സാഹചര്യം തുടർന്നാൽ അനുവദിച്ച ഇളവുകൾ പിൻവലിക്കേണ്ടി വരുമെന്ന് കലക്ടർ ബി. അബ്‌ദുൽ നാസർ അറിയിച്ചു. ജില്ലയിൽ ഇന്നലെ 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ടുപേർ വിദേശത്ത് നിന്നും ഒരാൾ ഹൈദരാബാദിൽ നിന്നുമാണ് തിരികെയെത്തിയത്. രോഗം സ്ഥിരീകരിച്ച കരുനാഗപ്പള്ളി സ്വദേശിനിക്ക് രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
അതേസമയം ഇന്നലെ ഒരു ദിവസം കൊണ്ട് 31 പേർ രോഗമുക്തി നേടി. കൊട്ടാരക്കരയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ രോഗ പകർച്ച കണ്ടെത്താൻ കഴിയാതെ വന്നതോടെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ പൂർണമായും അടച്ചു. ഒരാഴ്‌ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കുക.