കൊല്ലം: ഓൺലൈൻ ക്ലാസ് മുറിയിൽ അധ്യാപകനായി കലക്‌ടർ. കൊല്ലം കലക്‌ടർ ബി അബ്‌ദുൽ നാസർ ആണ് ജില്ലയിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠന നിലവാരം നേരിട്ടറിയാൻ ഓൺലൈൻ ക്ലാസ് മുറിയിൽ എത്തിയത്. കലക്ടർമാർ ചങ്ക് ബ്രോയും ഫ്രണ്ടുമൊക്കെ ആകുന്ന ഈ കാലത്ത് കൊല്ലത്തെ ജില്ല കലക്‌ടർ വിദ്യാർഥികൾക്ക് അരികിൽ എത്തിയത് അധ്യാപകന്‍റെ വേഷത്തിലാണ്.
എൽപി മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള ജില്ലയിലെ വിദ്യാർഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുമായിട്ടാണ് ക്ലാസ് മുറിയിൽ കലക്‌ടർ സംവദിച്ചത്. അധ്യാപക വേഷത്തിലെത്തിയ കലക്‌ടറെ കണ്ട വിദ്യാർഥികളും അധ്യാപകരും ഒരു പോലെ അമ്പരുന്നു. ക്ലാസിൽ കയറാത്ത വിരുതന്മാരെയും അശ്രദ്ധയോടെ ഇരിക്കുന്ന കുറുമ്പൻമാരെയും കുറുമ്പികളേയും കലക്‌ടർ കൈയോടെ പിടിച്ചു.
അമ്പരപ്പൊക്കെ മാറിക്കഴിഞ്ഞ് വിദ്യാർഥികൾ അവരുടെ പ്രശ്നങ്ങളും പരാതികളും കലക്ടർ സാറിനോട് നേരിട്ട് പറഞ്ഞു. ഓൺലൈൻ പഠനത്തിൽ വിദ്യാർഥികൾ നേരിടുന്ന റെയിഞ്ച് പ്രശ്നം അടക്കം പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. മണിക്കൂറുകൾ നീണ്ട ക്ലാസിൽ ചിലരുടെ പാഠഭാഗത്തെ സംശയങ്ങളും തീർത്താണ് കലക്ടർ സാർ ക്ലാസ് അവസാനിപ്പിച്ചത്.