കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിഗൂഡതകൾ ഒളിപ്പിച്ച് മുഖ്യപ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാറിന്‍റെ ചിറക്കര പോളച്ചിറയിലുള്ള ഫാം ഹൗസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയി പാർപ്പിച്ചത് ഈ ഫാം ഹൗസിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്രതികൾ കുറ്റകൃത്യം ചെയ്യാനുപയോഗിച്ച കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നു.
പത്മകുമാറിന്‍റെ വീട്ടിൽ നിന്ന് എകദേശം 4 കിലോമീറ്റർ അകലെയാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. പത്ത് വർഷത്തോളമായി പത്മകുമാറിന് ഫാം ഹൗസുണ്ട്. കാടുമൂടി കിടക്കുന്ന വിജനമായ പ്രദേശത്താണ് ഫാം ഹൗസ് സഥിതി ചെയ്യുന്നത്.
സമീപത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് ഫാംഹൗസ് നോക്കുന്നത്. നായ്ക്കളെ വളർത്തിയിരുന്ന പത്മകുമാർ മൂന്ന് ദിവസം മുൻപ് വീട്ടിലെ നായ്ക്കളെ മുഴുവൻ ഫാമിലെത്തിച്ചിരുന്നു. കൂടാതെ പശുക്കളും ഫാമിലുണ്ട്.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും പത്മകുമാർ ഫാമിലെത്താറുണ്ടായിരുന്നു. അവസാനമായി പത്മകുമാറും ഭാര്യയും മകളും കൂടിയാണ് ഫാമിലെത്തിയത്. മാത്രമല്ല ഇവർ കാറിലായിരുന്നില്ല എത്തിയത് എന്നും നാട്ടുകാരിൽ ചിലർ പറയുന്നു.
പ്രതിയായ പത്മകുമാറിനെ കുട്ടി ഇന്നലെ തിരിച്ചറിഞ്ഞിരുന്നു (kollam child abduction case). കുട്ടിയുടെ പിതാവ് റെജിയോടുള്ള മുൻവൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി (Oyoor girl missing case accused accepted the crime). കുടുംബത്തെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇത് ചെയ്‌തതെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു.
മകൾക്ക് വിദേശത്ത് നഴ്‌സിങ് ജോലി ശരിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് റെജിക്ക് പത്മകുമാർ അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ഭാര്യയ്ക്കും മകൾക്കും കൃത്യത്തില്‍ പങ്കില്ലെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഫാം ഹൗസിൽ എത്തിച്ച കുട്ടിയെ നോക്കിയത് പത്മകുമാറിന്‍റെ മകളാണെന്നാണ് വിവരം.
കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനായി പത്മകുമാർ കൊല്ലത്തെ സ്ത്രീകൾ ഉള്‍പ്പെടുന്ന ക്വട്ടേഷൻ സംഘത്തില്‍ നിന്നാണ് സഹായം തേടിയത്. ഇവർക്കായി പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. രേഖാചിത്രവും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് പ്രതികളെ പിടികൂടുന്നതിന് സഹായിച്ചത്.
ഹോട്ടലിൽ ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്രതികളെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. പൊലീസ് ആണെന്ന് അറിഞ്ഞതോടെ രക്ഷപ്പെടാൻ ഇവര്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയുടെ അച്ഛൻ റെജിയോട് വെള്ളിയാഴ്‌ച സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുത്തി പത്മകുമാർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയാനായാണ് റെജിയോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ, റെജി സ്റ്റേഷനിൽ ഹാജരായില്ല. കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്‌താല്‍ മാത്രമേ തട്ടിക്കൊണ്ട് പോകലിൻ്റെ യഥാർഥ ചിത്രം വ്യക്തമാകൂ.