കൊല്ലം: കൊല്ലത്തെ ആലപ്പാട് തീരത്ത് കടലേറ്റം രൂക്ഷമാകുന്നു. ശക്തമായ തിരമാലകൾ കരയിലേക്ക് കയറുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. രാവിലെ മുതൽ ആലപ്പാട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ശക്തമായി കടൽ കരയിലേക്ക് കയറി. പതിവിന് വിപരീതമായി ആദ്യം ചെറിയ തിരമാലകൾ കരയിലേക്ക് കയറിയിരുന്നു. വേലിയേറ്റമാകുമെന്ന് കരുതി പ്രദേശവാസികൾ ഗൗരവമായി കണ്ടില്ല. പിന്നീട് കൂറ്റൻ തിരമാലകൾ കരയിലേക്ക് കയറി. ആലപ്പാട് ബീച്ചിലും കൊല്ലം ബീച്ചിലും ഏകദേശം 50 മീറ്റർ വരെ കടൽ കരയിലേക്ക് കയറിക്കഴിഞ്ഞു.
ലൈഫ് ഗാർഡുകൾ സന്ദർശകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കേരളത്തിലെ ഏറ്റവും കൂടുതൽ അപകടകരമായ ബീച്ചാണ് കൊല്ലം ബീച്ച്. ഇവിടെ നിരവധി ജീവനുകളാണ് തിരമാല കവർന്നത്. ബീച്ചിലെ മണൽതിട്ട ശക്തമായ തിരയിൽ ഇടിഞ്ഞ് താണു. ഡിസംബറിൽ കടൽ പ്രക്ഷുബ്‌ദമാകുന്നത് ആദ്യമായിട്ടാണെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന കൊല്ലം ബീച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സന്ദർശകർക്കായി തുറന്ന് കൊടുത്തത്. ബീച്ചിൽ എത്തുന്ന സന്ദർശകർക്ക് മുന്നറിയിപ്പ് നൽകുന്നതിന് വേണ്ട സംവിധാനം അധികാരികൾ നൽകണമെന്ന് ലൈഫ് ഗാഡുകൾ ആവശ്യപ്പെട്ടു.