കൊല്ലം: കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെയുള്ളവർ ആര്യങ്കാവ് ചെക് പോസ്റ്റ് വഴി കേരളത്തില്‍ എത്തി തുടങ്ങി. ആര്യങ്കാവ് വഴി എത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിന് ജില്ല ഭരണകൂടം ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല കലക്ടർ ബി.അബ്‌ദുല്‍ നാസർ പറഞ്ഞു. ഓൺലൈൻ അപേക്ഷ നല്‍കി നടപടി ക്രമീകരണങ്ങൾ പൂർത്തിയാക്കിയവരെ മാത്രമേ ജില്ലയിലേക്ക് കടത്തി വിടൂ.
പ്രതിദിനം എണ്ണൂറോളം പേർക്ക് അതിർത്തി കടക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെയാണ് ആളുകളെ കടത്തി വിടുന്നത്. 25 ആംബുലൻസും 25 ടാക്‌സികളും ആര്യങ്കാവ് സർക്കാർ എൽ.പി സ്‌കൂൾ പാർക്കിങ് മൈതാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരും പത്തിൽ അധികം മെഡിക്കൽ സ്റ്റാഫും സ്ഥലത്തുണ്ട്. ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പു വരുത്തുമെന്ന് ജില്ലാ കലക്‌ടർ ബി. അബ്‌ദുല്‍ നാസർ പറഞ്ഞു.