കൊല്ലം: മരുന്ന് നിർമാണത്തിനായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന അലോപ്പതി മരുന്നുകൾ എക്സൈസ് സംഘം പിടികൂടി. പുനലൂർ കലയനാട്ടെ ആയുര്‍വേദ ആശുപത്രിയിലേക്ക് കൊണ്ടുവന്ന 22 കിലോ അലോപ്പതി മരുന്നാണ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴികടത്താൻ ശ്രമിച്ച മരുന്നുകളാണ് എക്സൈസ് സംഘം വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. മരുന്ന് കടത്തിയ വാഹനത്തിന്റെ ഡ്രൈവറെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് പുനലൂർ കലയനാട്ടെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് മരുന്ന് കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമായത്. ഗുണനിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകളാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന് കൈമാറി.
തമിഴ്നാട്ടിൽ നിന്നും കവറുകളിലാക്കിയാണ് ഇവ എത്തിച്ചത്. വിവിധയിനം പൊടികളും പലതരത്തിലുള്ള ഗുളികകളും കൂട്ടത്തിലുണ്ടായിരുന്നു. ആയൂർവ്വേദ മരുന്നുകൾക്ക് വീര്യം കൂട്ടാനായാണ് ഗുണമേന്മ കുറഞ്ഞ അലോപ്പതി മരുന്നുകൾ കടത്തിയതെന്ന് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോക്ടർ സ്മാര്‍ട് പി ജോൺ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ വാഹനത്തിൽ മരുന്നുകൾ കടത്തി കൊണ്ട് വന്നതിന് വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസ് എടുത്തതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനിൽകുമാർ പറഞ്ഞു