കൊല്ലം : കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കിരൺ കുമാർ സർക്കാരിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കിരൺ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന വാക്ക് സർക്കാർ പാലിച്ചതിൽ നന്ദിയുണ്ടെന്ന് വിസ്മയയുടെ അച്ചൻ ത്രിവിക്രമൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി മാത്രമല്ല സമൂഹത്തിനാകമാനം മാതൃകയാകുന്നതിനാണ് കിരണിനെതിരെ നിയമ പ്രകാരം നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
READ MORE: സ്ത്രീധന പീഡനം; കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു
വകുപ്പ് തല അന്വേഷണത്തിന് 45 ദിവസത്തെ സമയം മതി. അതേസമയം ചട്ടപ്രകാരമല്ല പിരിച്ചുവിടൽ എന്ന പ്രതിഭാഗം അഭിഭാഷകൻ്റെ വാദം മന്ത്രി തള്ളി. കിരണിന് കുറ്റ പത്രം നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് ഉദ്യോഗസ്ഥ തലത്തിൽ വിശദമായ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. നടപടിക്കെതിരെ കിരണിന് സുപ്രീം കോടതി വരെ പോകാം, സർക്കാരും ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.