കൊല്ലം: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളാ- തമിഴ്‌നാട് അതിര്‍ത്തിയായ ആര്യങ്കാവിലെത്തിയ ആദ്യ സംഘത്തെ പുനലൂര്‍ ആര്‍ഡിഒ ബി.ശശികുമാര്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തേവലക്കര സ്വദേശികളായ ആതിരയും കുടുംബവുമാണ് തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ് വഴി ആദ്യമെത്തിയത്. മകളുടെ പിറന്നാളാഘോഷിക്കാന്‍ മകൾക്കും പിതാവിനുമൊപ്പം ഭര്‍ത്താവിന്‍റെ ജോലി സ്ഥലത്തെത്തിയതായിരുന്നു ആതിര. ഇവിടെ വെച്ച് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും തിരികെ വരാന്‍ കഴിയാതെ കുടുങ്ങുകയുമായിരുന്നു.
ചെക്ക് പോസ്റ്റ് വഴി ആദ്യമെത്തുന്നവരെ പൊലീസ് പരിശോധനക്ക് ശേഷം തൊട്ടടുത്തുള്ള അഗ്നിശമന സേനയുടെ അണുനശീകരണ കേന്ദ്രത്തിലാണെത്തിച്ചത്. ഇവിടെ വെച്ച് ഇവരെത്തിയ വാഹനം അണുവിമുതമാക്കിയതിന് ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രധാന ക്യാമ്പായ ആര്യങ്കാവ് സെന്‍റ് മേരീസ് ഹൈസ്‌കൂളിലെത്തിക്കുകയായിരുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വാഹനത്തിലെ ഡ്രൈവര്‍ അടക്കം മുഴുവന്‍ ആളുകളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.
പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ ആര്യങ്കാവ് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് കൊണ്ടുപോവുകയും ആരോഗ്യവിവരങ്ങള്‍, ഏത് തദ്ദേശ സ്ഥാപനം, ഏത് തരം ക്വാറന്‍റൈന്‍, ഏത് വാഹനത്തില്‍ പോകുന്നു, പുറപ്പെടുന്ന സമയം അണുവിമുക്തമാക്കിയ സമയം, ഫോണ്‍ നമ്പറുകള്‍ എന്നിവ കമ്പ്യൂട്ടര്‍ സഹായത്തോടെ രേഖപ്പെടുത്തി, ക്യാമ്പ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കും. ഇത് ഉപയോഗിച്ച് മാത്രമേ തുടര്‍ യാത്രകള്‍ അനുവദിക്കുകയുള്ളൂ. അതേസമയം ആരോഗ്യപരിശോധനയില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ക്യാമ്പില്‍ തയ്യാറാക്കിയിട്ടുള്ള ആംബുലന്‍സില്‍ കൊവിഡ് സെന്‍ററുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റും. വീടുകളിലേക്ക് പോകുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഗൃഹനിരീക്ഷണമുണ്ടാകും. ഇത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ഉറപ്പുവരുത്തുകയും വേണം. ആദ്യദിനം 130 ഓളം പേരാണ് ആര്യങ്കാവ് വഴി കേരളത്തിലേക്കെത്തിയത്.