കൊല്ലം: ഗോത്രകലകളെ സ്‌കൂള്‍ കലോത്സവ മത്സരയിനമാക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ 62-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മംഗലംകളി പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തി പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു ഇത്തവണ (Kerala State school Arts Festival 2024: Tribal Art Mangalamkali).
ജനകീയ കലാരൂപങ്ങള്‍ക്കൊപ്പം പ്രാക്തന കലകളുടെയും സംഗമമാണ് കലോത്സവത്തെ വേറിട്ടു നിറുത്തുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള പ്രതിരോധത്തിന് ഉതകുന്ന കലാരൂപങ്ങളൊരുക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണം. അധ്യാപകര്‍ അതിന് പിന്തുണയേകണം.
കലാപ്രവര്‍ത്തനം നടത്തുന്നതിന് സാമ്പത്തിക പ്രയാസം നേരിടുന്ന പ്രതിഭകളെ സംരക്ഷിക്കാന്‍ വിപുല സംവിധാനം വേണം. സാംസ്‌കാരിക വകുപ്പിനും ജനകീയ സമിതികള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും.
ശുദ്ധമായ കലയും അതിന് ഭംഗം വരുത്താത്ത സാമൂഹിക ഉള്ളടക്കവുമാണ് കലോത്സവത്തിന്‍റെ സവിശേഷത. കല പോയിന്‍റ് നേടാനുള്ള ഉപാധിയായി കാണുന്ന പ്രവണത അവസാനിപ്പിക്കണം. പങ്കെടുക്കലാണ് പ്രധാനം.
കൗമാര മനസുകളെ അനാരോഗ്യകരമായ മത്സരബോധത്തിലൂടെ കലുഷിതമാക്കരുത്. രക്ഷകര്‍ത്താക്കളുടെ മത്സരമല്ലിത് എന്ന ബോധ്യം വേണം. ഇന്ന് പിന്നിലാകുന്നവര്‍ നാളെ മുന്നിലെത്തുന്നതാണ് ചരിത്രം. വിജയികളാകുന്ന എത്രപേര്‍ കലാരംഗത്ത് തുടരുന്നവെന്ന് പരിശോധിക്കേണ്ടതുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന് കുട്ടികള്‍ തയ്യാറാകരുത്. നാനാത്വത്തില്‍ ഏകത്വം എന്ന സുപ്രധാന മൂല്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. വൈവിധ്യങ്ങള്‍ തന്നെയാണ് പ്രധാനം. അതുതന്നെയാണ് കലോത്സവങ്ങളുടെ പ്രസ്‌കതിയേറുന്നതിന് കാരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഫലപ്രഖ്യാപനം വരെ നീളുന്ന കുറ്റമറ്റ സംഘാടനമാണ് കലോത്സവത്തില്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് അധ്യക്ഷനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മികച്ച സജ്ജീകണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരാതി രഹിതമായി കലോത്സവം പൂര്‍ത്തിയാക്കാനാകും.
കലോത്സവ മാന്വല്‍ അടുത്ത വര്‍ഷം പരിഷ്‌കരിക്കുന്നത് പരിഗണനയിലാണ്. പരമ്പരാഗത കലകള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനും ശ്രമിക്കും. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലയുടെ ചുമതലയുള്ള ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മത്സര ഇനങ്ങളുടെ വൈപുല്യം കലോത്സവത്തിന് മാറ്റുകൂട്ടുന്നവെന്ന് പറഞ്ഞു. മേളയുടെ സമ്പൂര്‍ണ മികവിന് എല്ലാവരുടേയും സഹകരണം അനിവാര്യമാണ്. കേരളീയം പോലുള്ള പരിപാടികളിലൂടെ ഐക്യവും സമാധാനവും ഉറപ്പാക്കാനായ പശ്ചാത്തലത്തില്‍ അത്തരം പരിപാടികള്‍ തുടര്‍ന്ന് സംഘടിപ്പിക്കാനാകുമെന്നും വ്യക്തമാക്കി.
മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്‌കുമാര്‍, എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, സുജിത്ത് വിജയന്‍പിള്ള, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ചലച്ചിത്രതാരങ്ങളായ ആശ ശരത്, നിഖില വിമല്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.