കൊല്ലം: "ഇത് മനസ്സിൽ തട്ടുന്ന അനുഭവം". അടച്ചുറപ്പുള്ള വീടിനുള്ളിൽ ഇനി അലക്കുകുഴി നിവാസികൾക്ക് ഉറങ്ങാം.
അലക്കുകുഴി കോളനി നിവാസികള്‍ക്ക് പുതിയ വാസസ്ഥലമൊരുക്കിയ കൊല്ലം കോര്‍പറേഷനും നിര്‍മാണം ഏറ്റെടുത്ത കുടുംബശ്രീക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഒപ്പം നഗരമധ്യത്തിലെ ദുരിത സാഹചര്യത്തില്‍ നിന്നും സ്വന്തം വീടെന്ന സ്വപ്‌നം സാധ്യമാക്കിയ നന്മയുടെ കൂട്ടായ്‌മയിൽ തന്‍റെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും.
"വീടില്ലാത്തവര്‍ക്ക് സ്വന്തമായി വീട് ഒരുങ്ങുന്നു എന്നത് ഏറെ സന്തോഷകരമാണ്. ലൈഫ് എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത് ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണ്. ഇന്ന് കൊല്ലത്ത് നടന്ന വീടുകളുടെ താക്കോല്‍ ദാനം മറ്റു ചില കാരണങ്ങള്‍ കൊണ്ടുകൂടി മനസില്‍ തട്ടുന്നു. നഗരമധ്യത്തില്‍ തീര്‍ത്തും ദുസ്സഹമായ സാഹചര്യങ്ങളില്‍ കഴിഞ്ഞ ഇരുപത് കുടുംബങ്ങള്‍ക്ക് സ്വന്തം വീടായി. 500 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള അടച്ചുറപ്പുള്ള വീട്.
ഈ വീടുകള്‍ നിര്‍മ്മിച്ചത് നമ്മുടെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് എന്നതാണ് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം. കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമായ ഫിനിക്‌സിന്‍റെ നേതൃത്വത്തില്‍ മുപ്പത്തി രണ്ട് വനിതകള്‍ ചേര്‍ന്നാണ് ഈ ഇരുപത് വീടുകളുടെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. ജനുവരി ഒന്നിന് തുടങ്ങിയ നിര്‍മാണം ഒമ്പത് മാസം പിന്നിട്ടാണ് തീര്‍ത്തത്. കരാര്‍ പ്രകാരം ഒരു വര്‍ഷമായിരുന്നു കാലാവധി. കൊല്ലം കോര്‍പ്പറേഷന്‍ 1.7 കോടി രൂപ ചെലവഴിച്ച് പുനരധിവാസ പദ്ധതി പ്രകാരമാണ് വീടുകള്‍ നിര്‍മ്മിച്ചത്. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് മാതൃകാപരമായ പുനരധിവാസം സാധ്യമാക്കിയ കൊല്ലം കോര്‍പ്പറേഷനെയും വീടുകളുടെ നിര്‍മ്മാണം സധൈര്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കുടുംബശ്രീ മിഷനേയും അഭിനന്ദിക്കുന്നു."
വീടില്ലാത്തവര്‍ക്ക് എല്ലാ സൗകര്യവുമുള്ള സ്വന്തം വീടുകള്‍ തയ്യാറാക്കി. കുടുംബശ്രീയുടെ കെട്ടിട നിര്‍മാണ സംഘമായ ഫിനിക്‌സായിരുന്നു നിർമ്മാണം ഏറ്റെടുത്തത്. ഇവരുടെ സമയബന്ധിത നിര്‍മാണ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി മാറ്റം സാധ്യമാണ് എന്ന സന്ദേശവും പോസ്റ്റിലൂടെ പങ്കുവക്കുന്നു. 1.7 കോടി രൂപ ചെലവഴിച്ച് പുനരധിവാസം സാധ്യമാക്കിയ കോര്‍പറേഷനെയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.