കൊല്ലം: കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു . കൊല്ലം ഡിസിസിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസുകാരനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്‌ണ ആരോപിച്ചു.
ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ പൊലീസുകാരനെ പിരിച്ചുവിടുക, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊല്ലം ഡിസിസി കടയ്ക്കൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സ്റ്റേഷന്റെ ഗേറ്റിന് സമീപത്ത് പൊലീസ് പ്രവർത്തകരെ തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ അകത്ത് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവൻ പൊലീസുകാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.