കൊല്ലം: പ്രശസ്‌ത സിനിമ നിർമാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥൻ നായർ വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. 90 വയസായിരുന്നു.
1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്‌സ് നിർമിച്ച മലയാള സിനിമകളെല്ലാം ഏറെ പ്രശസ്‌തമാണ്. അടൂര്‍ ഗോപാലകൃഷ്‌ണന്‍റേയും അരവിന്ദന്‍റേയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്‌സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവ ജനറല്‍ പിക്ചേഴ്‌സ് നിർമിച്ച മികവുറ്റ ചലച്ചിത്രങ്ങളാണ്.
നവതിക്ക് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ വിടവാങ്ങൽ. ജൂലൈ ആറിനായിരുന്നു നവതി. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെ. സി. ഡാനിയൽ പുരസ്‌കാരത്തിനും ഇദ്ദേഹം അർഹനായി. 2008 ൽ ആണ് ജെ. സി. ഡാനിയേൽ പുരസ്‌കാരം നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചത്.
ജനനം കൊല്ലത്ത്: 1933 ജൂലൈ മൂന്നിനാണ് കൊല്ലം സ്വദേശി വെണ്ടർ കൃഷ്‌ണ പിളളയുടേയും നാണിയമ്മയുടേയും എട്ട് മക്കളിൽ അഞ്ചാമനായി രവീന്ദ്രനാഥന്‍ നായരുടെ ജനനം. കൊല്ലം കന്‍റോൺമെന്‍റ് ബേസിക് ട്രെയിനിങ് സ്‌കൂളിലും ഗവ. ബോയ്‌സ് ഹൈസ്ക്കൂളിലുമായാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് 1955 ൽ കൊമേഴ്‌സ് ഐച്ഛിക വിഷയമായി ബിരുദവും നേടി. പിന്നീടാണ് കശുവണ്ടി വ്യവസായ രംഗത്തേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബിസിനസുകാരനില്‍ നിന്ന് സിനിമാക്കാരനിലേക്ക്: പിതാവിന്‍റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്ത അദ്ദേഹത്തിന്‍റെ വിജയലക്ഷ്‌മി കാഷ്യൂസ് ഏറെ പ്രശസ്‌തമാണ്. കേരളത്തിലും പുറത്തും 115 ഫാക്‌ടറികളുളള വലിയ ബിസിനസ് ശൃംഖലയായി വിജയലക്ഷ്‌മി കാഷ്യൂസ് മാറി. 1967ലാണ് അദ്ദേഹം ജനറൽ പിക്‌ചേഴ്‌സ് എന്ന സിനിമ നിർമാണ കമ്പനിയ്‌ക്ക് തുടക്കം കുറിക്കുന്നത്. സത്യനെ നായകനാക്കി 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രത്തിലൂടെ ആയിരുന്നു നിർമാണ രംഗത്തേക്കുള്ള ജനറൽ പിക്‌ചേഴ്‌സിന്‍റെ അരങ്ങേറ്റം.
പി ഭാസ്‌കരൻ, എ വിൻസെന്‍റ്, എംടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്‌ണൻ എന്നിവരുടെ മികവുറ്റ ചിത്രങ്ങളുടെ നിർമാതാവായി പിന്നീട് അദ്ദേഹം. കലാമൂല്യമുള്ള സിനിമകളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ശക്തമായ സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്‍റെ സമ്പത്തിന്‍റെ നല്ലൊരു ഭാഗവും കലാമൂല്യമുള്ള സിനിമകള്‍ക്കായി നീക്കിവച്ച വ്യക്തി കൂടിയാണ് കെ രവീന്ദ്രനാഥന്‍.
'അച്ചാണി രവി': 1973ൽ പുറത്തിറങ്ങിയ 'അച്ചാണി' എന്ന സിനിമ ഹിറ്റായതോടെയാണ് കെ രവീന്ദ്രനാഥൻ നായർ 'അച്ചാണി രവി' എന്നറിയപ്പെട്ടു തുടങ്ങിയത്. 'അച്ചാണി'യുടെ ലാഭം ഉപയോഗിച്ച് കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും അദ്ദേഹം നിർമിച്ചിരുന്നു. ചിൽഡ്രൻസ് ലൈബ്രറിയും ആർട്ട് ഗ്യാലറിയും ഉൾപ്പെട്ട ഇവ ഇപ്പോൾ കൊല്ലത്തെ സാംസ്‌കാരിക കേന്ദ്രമാണ് എന്നതും എടുത്തുപറയേണ്ടതാണ്.
'കാഞ്ചനസീത'യിലൂടെയാണ് ജി അരവിന്ദനുമായി രവി കൈകോര്‍ക്കുന്നത്. 1977ല്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ തിളങ്ങിയില്ലെങ്കിലും നിരവധി അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പട്ടു. അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഈചിത്രത്തിലൂടെ ലഭിച്ചു. കാമറ കൈകാര്യം ചെയ്‌ത ഷാജി സ്‌പെഷ്യല്‍ അവാര്‍ഡും നേടി.
തമ്പ് (1978), കുമ്മാട്ടി (1979), എസ്‌തപ്പാന്‍ (1979), പോക്കുവെയില്‍ (1981) എന്നീ അരവിന്ദന്‍ ചിത്രങ്ങളും പിന്നീട് ജനറല്‍ പിക്ചേഴ്‌സ് നിര്‍മിച്ചു. എല്ലാ ചിത്രങ്ങളും ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങളും പരിഗണനകളും നേടിയതും ചരിത്രം. 'എലിപ്പത്തായം' (1981) ആണ് അടൂരുമായി ചേര്‍ന്ന് അദ്ദേഹം നിര്‍മിക്കുന്ന ആദ്യ സിനിമ. ഈ ചിത്രത്തിനും ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് 'മുഖാമുഖം' (1984), 'അനന്തരം' (1987), 'വിധേയന്‍' (1993) എന്നീ അടൂര്‍ ചിത്രങ്ങളും ജനറല്‍ പിക്ചേഴ്‌സ് പ്രേക്ഷകരിലേക്ക് എത്തിച്ചു.
ഗായികയായിരുന്ന പരേതയായ ഉഷ രവി ആണ് ഭാര്യ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ, എന്നിവരാണ് മക്കൾ. രാജശ്രീ, സതീഷ് നായർ, പ്രിയ എന്നിവർ മരുമക്കൾ ആണ്.