കൊല്ലം: സംസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും പരാജയപ്പെട്ട ഏക മന്ത്രിയായി മേഴ്സിക്കുട്ടിയമ്മ. യുഡിഎഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥാണ് മേഴ്സിക്കുട്ടിയമ്മയില്‍ നിന്ന് കുണ്ടറ പിടിച്ചെടുത്തത്.
അവസാന കാലത്ത് സർക്കാരിനെ പിടിച്ചുകുലുക്കിയ ആഴക്കടൽ മത്സ്യ ബന്ധന കരാര്‍ വിവാദമാണ് മേഴ്സിക്കുട്ടിയമ്മയുടെ തോൽവിക്ക് വഴിവച്ചത്. എൽഡിഎഫ് പ്രതീക്ഷവച്ച മണ്ഡലമായിരുന്നു കുണ്ടറ. മന്ത്രി സഭയിലെ കരുത്തുറ്റ വനിതയുടെ തോൽവി മിന്നുന്ന വിജയത്തിനിടയിലും കണ്ണിലെ കരടുപോലെ പാർട്ടിയെ അലട്ടും.
വിഷ്ണുനാഥ് എത്തിയതോടെ ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും മണ്ഡലം മേഴ്സിക്കുട്ടി അമ്മയെ കൈവിടില്ലെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം. എന്നാൽ പ്രതീക്ഷകളെല്ലാം തകർത്ത് ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ പി സി വിഷ്ണുനാഥ് കുണ്ടറയില്‍ ജയിച്ചു.
മത്സരിച്ച മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എസി മൊയ്തീന്‍, കെടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍,കെകെ ശൈലജ, തുടങ്ങിയവര്‍ വിജയിച്ചിരുന്നു. അതേസമയം ഒറ്റ എംഎല്‍എ പോലുമില്ലാതിരുന്ന കൊല്ലത്ത് ഇക്കുറി കരുനാഗപ്പള്ളിയടക്കം രണ്ട് സീറ്റ് പിടിച്ചെടുക്കാനായതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.