കൊല്ലം: ഉത്ര കൊലക്കേസിൽ അത്യപൂർവ ഡമ്മി പരീക്ഷണം നടത്തുന്നതിന്‍റെ പരിശോധന ദൃശ്യങ്ങൾ പുറത്ത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന്‍റെ ഡമ്മി പരിശോധനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വനം വകുപ്പിന്‍റെ കൊല്ലത്തെ അരിപ്പ സ്റ്റേറ്റ് ട്രെയിനിങ് സെന്‍ററിലായിരുന്നു പരിശോധന നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരിശോധന.
പാമ്പ് ഒരാളെ സ്വാഭാവിക രീതിയിൽ കടിക്കുമ്പോഴും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോഴും ഉണ്ടാകുന്ന മുറിവുകൾ വ്യത്യസ്തമായിരിക്കും എന്ന ശാസ്ത്രീയ നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡമ്മി പരിശോധന നടത്തിയത്. 150 സെന്‍റീമീറ്റർ നീളത്തിലുള്ള മൂർഖൻ പാമ്പായിരുന്നു ഉത്രയെ കടിച്ചത്. 2.5, 2.8 സെന്‍റീമീറ്റർ വീതം നീളമുള്ള രണ്ട് മുറിവുകളാണ് ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
Also Read: കൊച്ചിയിൽ ഇരുനില കെട്ടിടം ചരിഞ്ഞു
എന്നാൽ 150 സെന്‍റീമീറ്റർ നീളമുള്ള പാമ്പ് കടിച്ചാൽ സ്വാഭാവികമായ അവസരത്തിൽ 1.7 സെന്‍റീമീറ്റർ നീളമുള്ള മുറിവാണ് ഉണ്ടാകുക. പ്രകോപനപരമായ സാഹചര്യത്തിൽ മാത്രമേ വലിയ മുറിവ് ഉണ്ടാകുകയുള്ളൂ. പ്രോസിക്യൂഷൻ തെളിവായി ഡമ്മി പരിശോധനയുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.