കൊല്ലം : ഉത്ര വധക്കേസിലെ വിധി തൃപ്‌തികരമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്.പി ഹരിശങ്കർ. പൊലീസ് കണ്ടെത്തിയ എല്ലാം കുറ്റങ്ങളും അംഗീകരിക്കാൻ കോടതി തയ്യാറായെന്നും 17 വർഷം തടവും അതിനുശേഷമുള്ള ഇരട്ട ജീവപര്യന്തവും പൊലീസിനെ സംബന്ധിച്ചിടത്തോളം തൃപ്‌തികരമാണെന്നും ഹരിശങ്കർ പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. വധശിക്ഷ നൽകാൻ കോടതി തയ്യാറായില്ല. അത് കോടതിയുടെ വിവേചനാധികാരമാണ്. അതിലിടപെടാൻ നമുക്ക് അവകാശമില്ല. വിധി പൂർണമായും വന്ന ശേഷം മാത്രമേ അപ്പീൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ഹരിശങ്കർ പറഞ്ഞു.
അതേസമയം കൊലപാതകത്തിനൊഴികെ പരമാവധി ശിക്ഷ ലഭിച്ചുവെന്നും അപ്പീൽ കാര്യത്തിൽ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
ALSO READ : നീതികിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ ; വധശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും മണിമേഖല
ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊന്ന കേസിലാണ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം അധിക തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ചെങ്കിലും സൂരജിന്‍റെ പ്രായം പരിഗണിച്ച് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എം.മനോജാണ് വിധി പ്രസ്‌താവിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും കോടതി വിധിച്ചു. 17 വർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്.