കൊല്ലം: ലോക്ക് ഡൗണിന്‍റെ ഭാഗമായി മദൃശാലകൾക്കും പൂട്ടു വീണതോടെ വ്യാജ മദ്യ ഉത്പാദനം വൻതോതിൽ വർധിച്ചു. തൽഫലമായി അബ്‌കാരി കേസുകളുടെ എണ്ണവും കൂടി. വൻകിട വാറ്റുകാർ തൊട്ട് സുഹൃത്തുക്കളുമായി ചേർന്ന് കുക്കറിൽ ചെറിയ തോതിൽ വാറ്റി സ്വന്തമായി ഉപയോഗിക്കുന്നവരും ഇതിൽപ്പെടും. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ഐ. നൗഷാദിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാരിപ്പള്ളി പാമ്പുറം സ്വദേശി രാജൻ എന്നയാളുടെ വീട്ടിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ച കുറ്റത്തിന് രാജൻ, പ്രസാദ് എന്നിവർക്കെതിരെ അബ്‌കാരി നിയമ പ്രകാരം കേസെടുത്തു.
1.200 ലിറ്റർ ചാരായം സൂക്ഷിച്ച കുറ്റത്തിനു തൃക്കരുവ സ്വദേശി ജിനു എന്ന് വിളിക്കുന്ന അനിൽകുമാർ, ഗ്യാസ് അടുപ്പിൽ പ്രഷർ കുക്കർ ഉപയോഗിച്ചു ചാരായം വാറ്റിയ പവിത്രേശ്വരം സ്വദേശി വികാസ് വിജയൻ, സഹായിയായ പൊടിയൻ എന്ന് വിളിക്കുന്ന വിശ്വദർശനൻ എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇവരിൽ നിന്നും ആറ് ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
കൊല്ലം സ്‌പെഷ്യൽ സ്ക്വാഡ് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം 13 അബ്‌കാരി കേസുകളിലായി 1791 ലിറ്റർ കോട, 40 ലിറ്റർ ചാരായം, 16 ലിറ്റർ വൈൻ എന്നിവയും ഗ്യാസ് സിലിണ്ടറുകൾ, ഗ്യാസ് അടുപ്പുകൾ, പ്രഷർ കുക്കറുകൾ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയും പിടിച്ചെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി. രാജീവ്, പ്രിവന്‍റീവ് ഓഫീസർമാരായ മനോജ് ലാൽ, ഉണ്ണികൃഷ്‌ണപിള്ള, നിർമലൻ തമ്പി, ബിനു ലാൽ, സിവിൽ എക്സൈസ് ഓഫീസർമാർ തുടങ്ങിയവർ റെയ്‌ഡിൽ പങ്കെടുത്തു.