കൊല്ലം: അഞ്ചൽ ഏറം ജംഗ്ഷന് സമീപം മനുഷ്യവിസർജ്യം തള്ളുന്നത് വ്യാപകമാകുന്നു. രാത്രിയുടെ മറവിലാണ് ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളുന്നത്. റോഡുകളിലും കൃഷിതോട്ടങ്ങളിലുമാണ് മാലിന്യം പ്രധാനമായും തള്ളുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചൽ ഏറം ജംഗ്ഷന് സമീപത്തെ പ്രേമചന്ദ്രന്‍റെ വാഴ തോട്ടത്തിലാണ് സാമൂഹികവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനത്തിലാണ് മാലിന്യം ശേഖരിക്കുന്നത്. ഇവ റോഡ് സൈഡിലോ ജനശ്രദ്ധയില്ലാത്ത പുരയിടങ്ങളിലോ ആണ് കൊണ്ട് വന്ന് തള്ളുന്നത്. സംഭവത്തിൽ പ്രേമചന്ദ്രൻ അഞ്ചൽ പൊലീസിന് പരാതി നൽകി.
ഇത്തരത്തിൽ പൊതുസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.
also read: കൊട്ടാരക്കരയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ മിനിലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു