കൊല്ലം: കുണ്ടറയിൽ അയല്‍വാസിയും സുഹൃത്തുമായ യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനക്കുന്നൂർ സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ അനീഷാണ് പിടിയിലായത്.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഷൈലയുടെ വീടിന് മുന്നില്‍ വച്ച് അയൽവാസിയായ അനീഷ് ഷൈലയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഷൈലയുടെ നിലവിളികേട്ടെത്തിയ ബന്ധുക്കൾ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് അനീഷിനെ കസ്റ്റഡിയിലെടുത്തു.
അടുത്തകാലത്ത് വാടകക്ക് താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിനെ സുഹൃത്തായിരുന്ന അനീഷ് ചോദ്യം ചെയ്തിരുന്നു. ഇത് ഷൈല വകവെക്കാത്തിൽ പ്രകോപിതനായാണ് പ്രതി ഷൈലയെ കുത്തി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്കു മുൻപ് ഷൈലയെ വീട്ടിൽ കയറി മർദ്ദിക്കുകയും കാറടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഷൈല ഇയാളുമായുള്ള ബന്ധം ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് മര്‍ദിച്ചത്. ഇയാൾ തന്നെ സ്വന്തം ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ഷൈലയുടെ ഭർത്താവ് വിദേശത്താണ്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.