കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് ഏരൂരില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്‌തു. അയിലറ കൈവല്യത്തിൽ സംഗീതയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഹരികുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
തീ കൊളുത്താൻ കാരണക്കാരൻ ഹരികുമാർ ആണെന്ന് മരിക്കുന്നതിന് മുൻപ് ഡോക്‌ടറോട് സംഗീത പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്.
ഏറെ നാളുകളായി സംഗീതയും ഹരികുമാറും തമ്മിൽ കുടുംബപ്രശ്‌നം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ആറ് മാസത്തോളം സ്വന്തം വീട്ടിൽ ആയിരുന്ന സംഗീത കുറച്ച് ദിവസം മുൻപാണ് ഹരികുമാറിന്‍റെ വീട്ടിലേക്ക് തിരികെയെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കുടുംബ കോടതിയിൽ നൽകിയ കേസ് ചൊവ്വാഴ്‌ച പിൻവലിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.
അന്ന് മദ്യപിച്ച് എത്തിയ ഹരികുമാർ സംഗീതയെ മർദിച്ചിരുന്നു. പിന്നാലെയാണ് മണ്ണെണ്ണ ഒഴിച്ച് സംഗീത തീ കൊളുത്തിയതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.