കൊല്ലം: അച്ഛൻ പറഞ്ഞ കഥകളിലെ മലയാള നാടിനെ നെഞ്ചിലേറ്റിയാണ് ഹോക്കി താരം സമിത കേരളത്തിൽ എത്തിയത്. ദേശീയ സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഗോവയുടെ ഡിഫൻഡറാണ് സമിത ഷണ്‍മുഖൻ. പാലക്കാട്ടുകാരായ ഷണ്‍മുഖന്‍റെയും സരിതയുടെയും മകളാണ് സമിത. ഒറ്റപ്രസവത്തിൽ സമിതക്കും രണ്ട് സഹോദരങ്ങൾക്കും ജന്മം നൽകി അമ്മ വിടപറഞ്ഞതോടെ അച്ഛന്‍റെ തണലിലാണ് സമിതയും സഹോദരങ്ങളായ സൗരവും ശരത്തും വളർന്നത്. ഒരു വയസുള്ളപ്പോൾ കേരളത്തിൽ നിന്ന് പോയ സമിത വർഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. കുടുംബത്തിന്‍റെ അഭിമാനമായ സമിതയെ കേരളത്തിൽ വരവേൽക്കാൻ അച്ഛൻ ഷണ്‍മുഖന്‍റെ സഹോദരിയും ഭർത്താവും കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെത്തിയിരുന്നു.
എട്ടാം ക്ലാസ് മുതലാണ് സമിത ഹോക്കി പരിശീലനം തുടങ്ങിയത്. ക്വപ്പം ഗവൺമെന്‍റ് കോളജിൽ ബി.എ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് സമിത. 2017ൽ തമിഴ്നാട്ടിൽ നടന്ന ദേശീയ ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിലും സമിത പങ്കെടുത്തിരുന്നു.