കൊല്ലം: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വയോജനങ്ങള്‍, സുരക്ഷിതമായ താമസസ്ഥലം ഇല്ലാത്തവര്‍ എന്നിവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ ബി.അബ്‌ദുല്‍ നാസര്‍ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായിരിക്കും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനത്തിന്‍റെ ചുമതല. ഹെല്‍പ്പ് ഡെസ്‌ക് തുടക്കത്തില്‍ ഓഫീസ് സമയത്തും പിന്നീട് ആവശ്യമായി വന്നാല്‍ അധിക സമയവും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ക്രമീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന, വാട്‌സാപ്പിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്ന, രണ്ട് ഫോണ്‍ നമ്പറുകള്‍ ഹെല്‍പ്പ് ഡെസ്‌ക്കിലുണ്ടാകും. ഹെല്‍പ്പ് ഡെസ്‌ക് പൂര്‍ണമായും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് വേണ്ടി മാത്രമായിരിക്കും.
ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ക്കായിരിക്കും. ഫീല്‍ഡ് തലത്തിലുള്ള ഏകോപനം വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, സന്നദ്ധ ഗ്രൂപ്പുകള്‍ എന്നിവയിലൂടെ നടപ്പാക്കും. ഓരോ വാര്‍ഡുതല സമിതിയിലും ഒരു മൊബൈല്‍ഫോണ്‍ കൊവിഡുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനായി മാറ്റിവെക്കും.