കൊല്ലം: ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയും കാറ്റും കടലേറ്റവും ജനജീവിതം ദുസ്സഹമാക്കി. രണ്ടു ദിവസമായി തടസ്സപ്പെട്ട വൈദ്യുതിബന്ധം പൂർണ്ണമായും പുനസ്ഥാപിച്ചിട്ടില്ല. ജില്ലയിലെ തീരദേശങ്ങളിൽ കടലേറ്റം ശക്തമാണ്.
ALSO READ: ഭിത്തികെട്ടി ഓടയടച്ച് ഒഴുക്ക് തടസപ്പെടുത്തിയതായി പരാതി
തീരദേശവാസികൾ ദുരിതാശ്യാസ ക്യാമ്പിലും, ബന്ധുവീടുകളിലും അഭയം തേടി. സംരക്ഷണഭിത്തിയും തകർത്ത് ആഞ്ഞടിക്കുന്ന കടൽ തിരമാലകൾ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രാത്രിയും, പകലും ഒരു പോലെ തീരദേശ മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്.
അഞ്ചോളം വീടുകൾ കടലെടുത്തു. പത്തിലധികം വീടുകൾ തകർച്ചയുടെ വക്കിലാണ്. ഭയത്തോടെയാണ് തീരദേശവാസികൾ കഴിയുന്നത്. രാത്രിയിൽ തിരമാലയുടെ കാതടപ്പിക്കുന്ന ശബ്ദം ഇവരുടെ ഉറക്കം കെടുത്തുന്നു. ഏത് നിമിഷവും കടൽ കയറുമെന്ന ഭീതിയിലാണ് ഇവര്‍.
കൊവിഡ് വ്യാപന നിയന്ത്രണത്തെ തുടർന്ന് ലോക്ക്ഡൗൺ കൂടി നിലനിൽക്കുന്നതും കടലിൻ്റെ മക്കളെ പട്ടിണിയിലേക്ക് നയിക്കുന്നു. വള്ളവും വലയും സൂക്ഷിച്ചിരിക്കുന്ന ഷെഡുകൾ ഉൾപ്പെടെ തിരമാല കവർന്നു.വള്ളങ്ങൾ മത്സ്യതൊഴിലാളികൾ സുരക്ഷിത ഭാഗത്തേക്ക് മാറ്റി. തിരമാലകളെ തടഞ്ഞ് തീരത്തെ സംരക്ഷിക്കാൻ നിർമ്മിച്ച ചെറിയ നിരവധി പുലിമുട്ടുകൾ കടലെടുത്തു.
ഇരവിപുരം കളീക്കൽ കടപ്പുറത്ത് താമസിക്കുന്ന പ്രമീള റോബർട്ട്, ലില്ലി യേശുദാസ്, ആനന്ദവല്ലി, സ്വാതി ബിനീഷ്, അശ്വതി വിനോദ് എന്നിവരുടെ വീടുകൾ കൂറ്റൻ തിരമാലയിൽ തകർന്നടിഞ്ഞു. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ തിരമാലയിൽ തകർന്നു.
ആർത്തിരമ്പുന്ന തിരമാലയിൽ തീരദേശ റോഡ് തകര്‍ന്നു. ജില്ലാ ഭരണകൂടം തീരദേശവാസികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. ഇരവിപുരം, കാക്കത്തോപ്പ, താന്നി മുണ്ടയ്ക്കൽ, കളീക്കൽ കടപ്പുറം എന്നിവിടങ്ങളിലാണ് രാക്ഷസ തിരമാലകൾ താണ്ഡവമാടുന്നത്.