കൊല്ലം: ഇടവേളകളില്ലാതെ തകർത്തു പെയ്‌ത മഴയിൽ കൊട്ടാരക്കരയിൽ വ്യാപക നാശം. പുലമൺ തോട് കര കവിഞ്ഞൊഴുകിയതോടെ പതിനൊന്ന് വീടുകളിൽ വെള്ളം കയറി. കൊട്ടാരക്കര, ഇഞ്ചക്കാട്, മൈലം, അന്തമൺ തുടങ്ങിയ പ്രദേശങ്ങളിലൂടെ തോട് കടന്നുപോകുന്നിടമെല്ലാം കൃഷി നാശമുണ്ടായി. വാളകം, സദാനന്തപുരം, ലോവർ കരിക്കം ഭാഗങ്ങളിൽ എം.സി റോഡ് വെള്ളത്തിലാകുകയും മണ്ണിടിച്ചിലുണ്ടായി.
നെല്ലിക്കുന്നം കാടാട്ട് ഏല എന്നീ പ്രദേശങ്ങളും വെള്ളത്തിലായി. മേലില ക്ഷേത്രം റോഡിലും വെള്ളപ്പൊക്കത്താൽ ഗതാഗതം മുടങ്ങി. സമീപത്ത് കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഓയൂർ, ചടയമംഗലം, പുത്തൂർ ഭാഗങ്ങളിൽ വീടുകൾക്കും നാശനാഷ്ടമുണ്ടായി.