കൊല്ലം : ആര്യങ്കാവിൽ രാസവസ്‌തു കലർത്തിയ പാൽ പിടിച്ചെടുത്ത സംഭവത്തിൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധന വൈകിയെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഹൈഡ്രജൻ പെറോക്‌സൈഡ് ചേർത്ത പാലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പാലിൽ കലർന്നാൽ ആറ് മണിക്കൂറിന് ശേഷം ഇത് പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ല. ആര്യങ്കാവിലെ കേരള - തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പാൽ പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ തമിഴ്‌നാട്ടിൽ നിന്നും പന്തളത്തെ അഗ്രി സോഫ്‌റ്റ് ഡയറി ഫാമിലേക്ക് കൊണ്ടുപോകുകയായിരുന്ന 15,000 ലിറ്റർ പാലിൽ ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തുടർ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. എന്നാൽ സാമ്പിൾ ശേഖരിക്കാനായി ഉദ്യോഗസ്ഥർ എത്താൻ വൈകിയത് പാലിൽ കലർത്തിയ രാസവസ്‌തുവിനെക്കുറിച്ചുള്ള കൃത്യമായ പരിശോധനാഫലം ലഭിക്കാതിരിക്കാൻ കാരണമാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യവകുപ്പിന് പുറമേ സ്വന്തം നിലയിൽ നടപടിയെടുക്കാനുള്ള അധികാരം മൃഗസംരക്ഷണ വകുപ്പിന് നൽകണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാസവസ്‌തുവിന്‍റെ സാന്നിധ്യം തിരിച്ചറിയാൻ ആരോഗ്യവകുപ്പിന്‍റെ പരിശോധനയിലൂടെ സാധ്യമായില്ലെങ്കിൽ പിടിച്ചെടുത്ത പാൽ തിരികെ നൽകേണ്ടിവരും. പാൽ പോലെയുള്ള ഭക്ഷ്യവസ്‌തുക്കളിലെ മായം കലർത്തൽ പിടികൂടാൻ സംസ്ഥാന അതിർത്തികളിൽ പരിശോധനാകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.