കൊല്ലം: മത്സ്യബന്ധനത്തിനായി മുങ്ങാംകുഴിയിടുമ്പോൾ അറബിക്കടലും അഷ്‌ടമുടിക്കായലും ഷിബുവിന് ഒരുപോലെയാണ്. കൊല്ലം കുരീപ്പുഴ സ്വദേശി ഷിബു ജോസഫ് സേവ്യറാണ് സ്‌പിയർ ഗണ്ണുമായി എത്ര വലിയ ആഴങ്ങളിൽ ചെന്നും മത്സ്യവേട്ട നടത്തുന്നത്. ചെമ്പല്ലി, കരിമീൻ എന്നിങ്ങനെ ഏത് മത്സ്യത്തെയും ആഴങ്ങളില്‍ മുങ്ങിക്കിടന്ന് സ്പിയർ ഗൺ ഉപയോഗിച്ച് പിടിക്കുക എന്നതാണ് ഷിബു ജോസഫിന്‍റെ വിനോദവും അതിനൊപ്പം വരുമാനവും.
തങ്കശേരി പുലിമുട്ടില്‍ ഷിബു സാഹസികമായി നടത്തുന്ന മത്സ്യവേട്ട കാണാൻ നിരവധി പേർ എത്താറുണ്ട്. വെള്ളത്തിന്‍റെ ഒഴുക്കും, ഗതി മാറ്റവുമൊക്കെ കൃത്യമായി പഠിച്ച ഒരാൾക്ക് മാത്രമെ സ്പിയർ ഗൺ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്താൻ സാധിക്കുകയുള്ളൂ. വളരെയധികം ക്ഷമ വേണ്ട ജോലി കൂടിയാണ് സ്പിയർഗൺ മത്സ്യ ബന്ധനം.
ഡൈവിങ്ങിൽ മികച്ച പരിശീലനം ലഭിച്ച ഷിബു ജോസഫ് കുട്ടിക്കാലം മുതല്‍ കടലിന്‍റെയും കായലിന്‍റെയും ആഴങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ഇത് ഒരു വരുമാന മാർഗവുമായി. കടലിലെയും, കായലിലെയും, മാലിന്യങ്ങൾ മൂലം പലപ്പോഴും മത്സ്യ ബന്ധനം തടസപ്പെടാറുണ്ടെന്നും ഷിബു കൂട്ടി ചേർത്തു.
കടലിലും കായലിലും പ്രത്യേക തരം സ്‌പിയർ ഗണ്ണുകളാണ് ഉപയോഗിക്കുന്നത്. പരിശീലനം സിദ്ധിക്കാതെ ആരും സ്പിയർഗണ്ണുമായി ആഴങ്ങളിലേക്ക് പോകരുതെന്നും ഷിബു ഓർമ്മിപ്പിക്കുന്നു.