തൃശ്ശൂർ: കൊവിഡ് ഭീതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് താമസസ്ഥലത്ത് വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. ദിവസേന ആശുപത്രിയില്‍ പോയി വരുന്നതു കൊണ്ട് രോഗം പടരുമെന്ന ഭീതിയാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ കൊല്ലം സ്വദേശി മേബിളിനാണ് ദുരവസ്ഥ. അവധി കഴിഞ്ഞെത്തിയ മേബിള്‍ താമസസ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റലിന്‍റെ നടത്തിപ്പുകാരും താമസക്കാരും തന്നോട് മോശമായി പെരുമാറിയതെന്ന് മേബിള്‍ പറയുന്നു.
ദിവസേന പുറത്തുപോയി വരുന്നവര്‍ ഹോസ്റ്റില്‍ തുടരേണ്ടതില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്നും മേബിള്‍ പറഞ്ഞു. അതേസമയം ആശുപത്രി ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതിനെതിരെ ആശുപത്രി ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സാനു എം.പരമേശ്വരന്‍ പറഞ്ഞു. നഴ്‌സിന് താല്‍കാലികമായി താമസിക്കാനുള്ള സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.