കൊല്ലം : മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജിഎസ്‌ടി മൊബൈൽ സ്‌ക്വാഡ് പിടികൂടി. മൊത്തം 6.410 കിലോ സ്വർണാഭരണങ്ങളാണ് കണ്ടെടുത്തത്. തൃശൂരിൽ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനയ്ക്കായാണ് സ്വർണം എത്തിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് 18.75 ലക്ഷം രൂപ പിഴ ഈടാക്കി സ്വർണം ഉടമയ്ക്ക് വിട്ടുനൽകി. ഉടമ ഹൈക്കോടതിയെയും ജിഎസ്‌ടി അപ്പലേറ്റ് അതോറിറ്റിയെയും സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. തുടർന്നാണ് പിഴ നൽകി സ്വർണാഭരണങ്ങൾ തിരികെ വാങ്ങിയത്.
2021-22 സാമ്പത്തിക വർഷം കരുനാഗപ്പള്ളി ജിഎസ്‌ടി സ്‌ക്വാഡ് 24 കേസുകളിലായി 11 കോടി രൂപ വിലവരുന്ന 22 കിലോ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. നികുതി, പിഴ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപ ഈടാക്കി. 2020-21 സാമ്പത്തിക വർഷം 41 കേസുകളിലായി 15.33 കോടി രൂപ വിലവരുന്ന 32 കിലോ സ്വർണാഭരണങ്ങളാണ് പിടിച്ചത്. നികുതിയും പിഴയും മറ്റുമായി 1.25 കോടി രൂപയും ഈടാക്കിയിരുന്നു.
Also Read: 'ജാതി സർട്ടിഫിക്കറ്റിൽ അത് ഇല്ലെന്ന് പരാമര്‍ശിക്കണം' ; ഹൈക്കോടതിയെ സമീപിച്ച് യുവതി
പിഴ അടയ്ക്കാത്തതിനാൽ ജിഎസ്‌ടി നിയമ പ്രകാരം നാല് കിലോ സ്വർണാഭരണങ്ങളും അവ കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും കണ്ടുകെട്ടിയിരുന്നു. അസിസ്റ്റന്‍റ് കമ്മിഷണർ(ഇന്‍റലിജൻസ്) എസ്. രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, കൊല്ലം, ഭരണിക്കാവ്, കുണ്ടറ, അടൂർ എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ നിരീക്ഷണത്തിലുമാണ് ഇത്രയും സ്വർണാഭരണങ്ങൽ പിടികൂടിയത്.