കൊല്ലം : മുപ്പത് വയസ് ആകുമ്പോൾ തന്നെ ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയ്ക്ക് പോകുന്ന യുവതലമുറയ്ക്ക് 91-ാം വയസിലേക്ക് കടക്കുന്ന ഒരു കായിക താരത്തെ പരിചയപ്പെടുത്താം. പത്തനംതിട്ട കോന്നി സ്വദേശി ജി.കെ മാത്യു.
ഇദ്ദേഹത്തിന് 91 എന്നത് അത്ര വലിയ പ്രായമൊന്നുമല്ല. കൊല്ലത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസിലെ ഏറ്റവും പ്രായമേറിയ മത്സരാർഥിയായിരുന്നു പൈനാമൺ തെക്കേനത്ത് ഹൗസിൽ ജി.കെ മാത്യു. 90 വയസിന് മുകളിലുള്ളവർക്കുള്ള വിഭാഗത്തിലെ ഏക മത്സരാർഥിയായിരുന്നു അദ്ദേഹം. ലോങ് ജംപിലും ഡിസ്കസിലും അദ്ദേഹം പങ്കെടുത്ത് എതിരില്ലാത്ത വിജയം നേടി. ഞായറാഴ്ച നടക്കുന്ന ഷോട്ട് പുട്ടിലും പങ്കെടുക്കും.
ALSO READ:മാസ്റ്റേഴ്സ് ഗെയിമിലെ താരം ; ജേഴ്‌സിയണിഞ്ഞ് ട്രാക്കിലിറങ്ങി മന്ത്രി ചിഞ്ചുറാണി
മൂന്നിലും അദ്ദേഹത്തിന് എതിരാളികളുണ്ടായിരുന്നെങ്കില്‍ അവര്‍ വിയർക്കുമെന്നുറപ്പ്. അത്രയ്ക്കുണ്ട് ആത്മവിശ്വാസം. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹം വർഷങ്ങളായി മാസ്റ്റേഴ്‌സ് അത്ലറ്റിക്സിൽ മത്സരിക്കുന്നു.
1955 മുതൽ 1957 വരെ ദേശീയ ബാസ്കറ്റ് ബോൾ താരമായിരുന്നു. ഭക്ഷണത്തിലെ നിയന്ത്രണങ്ങളും കൃത്യമായ വ്യായാമവുമാണ് ഇപ്പോഴും ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരാർഥികൾക്ക് മാർഗ നിർദേശം നൽകാനും അദ്ദേഹം മുന്നിലുണ്ട്. ഹൈദരാബാദിൽ ഫെബ്രുവരിയിലാണ് ദേശീയ മത്സരം.