കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കമാണ് ഇത്തവണ കൊല്ലത്ത് ഉള്‍പ്പെടെ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇത് മനസിലാക്കി ചാമക്കട ഉൾപ്പെടെയുള്ള കമ്പോളങ്ങളിൽ സുരക്ഷിതമായി ചരക്കിറക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
വ്യാപാരികളെയും ചുമട്ടുതൊഴിലാളികളെയും ഉൾപ്പെടുത്തി രൂപീകരിച്ച ക്ലസ്റ്ററുകൾക്കാണ് ഇതിന്‍റെ ചുമതല. നഗരത്തിലെ ജനസാന്ദ്രതയേറിയ കോളനികളിലും ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കും.
നിർണായക ഘട്ടത്തിൽ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ കഴിയില്ല. ഈ സമയത്ത് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ മനസിലാലാക്കി ധനസഹായത്തിന് പുറമേ ഭക്ഷ്യകിറ്റ് നൽകാനും ഗവൺമെന്‍റ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിൽ കൊവിഡ് വ്യാപനം ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ തികഞ്ഞ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് നടത്ത്. രോഗവ്യാപനം കൂടുതലുണ്ടായ പ്രദേശങ്ങളോട് ചേർന്നുതന്നെ പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കി വരികയാണ്. ചികിത്സാ കേന്ദ്രങ്ങളിൽ സ്വകാര്യ മേഖലയിൽനിന്നുള്ള ഡോക്‌ടർമാരെയും നഴ്‌സുമാരെയും നിയോഗിക്കുന്നതിന് മുന്നോടിയായി അവർക്ക് ഉടൻ പരിശീലനം നല്‍കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.