കൊല്ലം: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടിയുള്ള തട്ടിപ്പുകൾ കൊട്ടാരക്കരയിൽ വർധിക്കുന്നു. കൊട്ടുക്കൽ സ്വദേശി ആനന്ദവല്ലിയാണ് അമ്മൻ കോവിലിന് സമീപം വീണ്ടും തട്ടിപ്പിനിരയായിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് നമ്പർ തിരുത്തിയ ലോട്ടറികൾ നൽകി തട്ടിപ്പ് നടത്തിയത്. സമ്മാനാർഹമായ ടിക്കറ്റെന്നപേരിൽ നമ്പർ ചുരണ്ടി എഴുതി ചേർത്ത് വ്യാജ ടിക്കറ്റുകൾ നൽകി കമ്പിളിപ്പിക്കുകയായിരുന്നു എന്ന് ആനന്ദവല്ലി പറയുന്നു.
ടിക്കറ്റ് നമ്പറിലെ എട്ട് എന്ന നമ്പർ ചുരണ്ടി മൂന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. കാഴ്ച പരിമിയുള്ള ഗോപിനാഥൻ ആചാരിയെന്ന ലോട്ടറി കച്ചവടക്കാരനും കഴിഞ്ഞ ആഴ്ച തട്ടിപ്പിനിരയായിരുന്നു. ഇവരെല്ലാം തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വഷണം നടക്കുന്നില്ലെന്നാണ് ആരോപണം. സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നാണ് വ്യാപാരികളുടെ ആവശ്യം.