കൊല്ലം: സംസ്ഥാനത്തെ ആദ്യ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഇനി കൊല്ലത്തിന് സ്വന്തം. ചാത്തന്നൂരില്‍ നിര്‍മിച്ച ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പൊലീസിന്‍റെ അന്വേഷണവും തുടര്‍ന്നുള്ള കുറ്റവിചാരണയും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കൃത്യമായ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തുന്ന തൊണ്ടിമുതല്‍ ശേഖരിച്ച് ശാസ്ത്രീയമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഫോറന്‍സിക് ലബോറട്ടറി വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ആസ്ഥാനത്തെ പ്രധാന ലബോറട്ടറിക്ക് പുറമെ കണ്ണൂര്‍, തൃശൂര്‍, എറണാകുളം എന്നീ റീജിയണല്‍ ലബോറട്ടറികളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാല് റവന്യൂ ജില്ലകളിലും ജില്ലാതല ലബോറട്ടറികള്‍ തുറക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ചാത്തന്നൂരില്‍ പുതിയ കെട്ടിടത്തില്‍ ഫോറന്‍സിക് ലബോറട്ടറി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് കേസ് അന്വേഷണം കുറ്റമറ്റതും കാര്യക്ഷമവും വേഗതയിലും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കുന്നത്.
ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി തുടങ്ങിയ മൂന്ന് വിഭാഗങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. താമസിയാതെ സൈബര്‍ ഫോറന്‍സിക് വിഭാഗവും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും.
നിലവില്‍ ജില്ലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. പരിശോധന ഫലത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ചാത്തന്നൂരില്‍ ലബോറട്ടറി ആരംഭിക്കുന്നതോടെ ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും കേസ് അന്വേഷണം വേഗത്തിലാക്കാന്‍ സാധിക്കുകയും ചെയ്യും.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ, ജിഎസ് ജയലാല്‍ എംഎല്‍എ, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ, തുടങ്ങിയവര്‍ പങ്കെടുത്തു.