കൊല്ലം: നാടൻപാട്ട് കലാകാരിയായ സ്വാതി സുന്ദരേശൻ ഇടതുമുന്നണി സ്ഥാനാർഥി ആണെങ്കിലും പാട്ടിൽ രാഷ്ട്രീയമില്ല. ഇതിനോടകം പതിനഞ്ചിലധികം സ്ഥാനാർഥികൾക്കായി സ്വാതി പാടിക്കഴിഞ്ഞു. ഇതിൽ കോൺഗ്രസുകാരും ബിജെപിക്കാരും സ്വതന്ത്രരും ഉൾപ്പെടെ എല്ലാവരുമുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ടൗൺ ഇരുപത്തി മൂന്നാം വാർഡിലെ സിപിഎം സ്ഥാനാർഥിയായി സ്വാതി എത്തിയത് യാദൃശ്ചികമായാണ്. റിയാലിറ്റി ഷോകളിലുടെ നാട്ടുകാർക്ക് സുപരിചിതയായ സ്വാതിക്ക് മികച്ച പിന്തുണയാണ് പ്രചാരണ വേളയിൽ ലഭിക്കുന്നത്. വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണത്തിൽ വോട്ടിന് പാട്ട് എന്ന ഡിമാൻഡാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. വോട്ടു ചെയ്‌താൽ ഒന്നല്ല നാലു പാട്ട് പാടാമെന്ന് സ്വാതിയുടെ മറുപടിയും.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് എം എ മ്യൂസിക് കഴിഞ്ഞശേഷം പ്രദേശത്തെ ഗവൺമെന്‍റ് എൽ പി സ്‌കൂളിൽ താത്കാലിക സംഗീത അധ്യാപികയായി ജോലിചെയ്യുകയാണ് സ്വാതി. 20 വർഷമായി യുഡിഎഫ് കൈവശം വച്ചിരിക്കുന്ന വാർഡിൽ സ്വാതിയുടെ വരവോടെ പോരാട്ടം കടുത്തു.