കൊല്ലം: ജില്ലാ അതിർത്തിയിൽ ആര്യങ്കാവില്‍ നിന്നും നാലര ടണ്‍ പഴകിയ മത്സ്യം പിടികൂടി. പൊലീസ്, ആരോഗ്യവകുപ്പ് അധികൃതരുടെ സംയുക്ത പരിശോധനയിലാണ് കണ്ടെയിനര്‍ ലോറിയില്‍ കൊണ്ടുവന്ന മീന്‍ പിടികൂടുന്നത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിൽനിന്നും കേരളത്തിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന പഴകിയ മത്സ്യമാണ് ചെക്ക് പോസ്റ്റിൽ പിടികൂടിയത്.
ആലപ്പുഴ പുന്നപ്രയിലെ എച്ച്എസ്എം എന്ന കമ്പനിയിലേക്കാണ് മത്സ്യം കൊണ്ടു പോകുന്നത് എന്നാണ് ലോറിയിലുണ്ടായിരുന്നവർ അധികൃതരോട് പറഞ്ഞത്. തമിഴ്‌നാട് സ്വദേശികളായ ഉഗിലൻ, വിക്രം എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ വിഭാഗം എത്തി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത മത്സ്യത്തിന് പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മത്സ്യം എത്തിച്ച ഗോവ രജിസ്ട്രേഷന്‍ ലോറിയും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. പഞ്ചായത്ത് അധികൃതരുടെ സഹയത്തോടെ മത്സ്യം നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷ ഓഫീസര്‍ വിനോദ് കുമാര്‍, ആര്യങ്കാവ് പഞ്ചായത്ത് സെക്രട്ടറി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ റാഫി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പഴകിയ മത്സ്യം വ്യാപകമായി വിൽപന നടത്തിയിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നായി ടണ്‍ കണക്കിന് പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു.