കൊല്ലം: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തില്‍, പരിശോധിച്ച മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ അനാസ്ഥ കാണിച്ചുവെന്ന പരാതിയുമായി യുവതിയുടെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രികളിലെത്തിയ പാരിപ്പള്ളി സ്വദേശിനിയെ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍, ശിശു മരിച്ച വിവരം സ്ഥിരീകരിക്കാന്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞില്ല. സംഭവത്തിൽ കൊല്ലം ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രികളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
'പരിശോധിക്കാന്‍ പോലും ആശുപത്രികള്‍ തയ്യാറായില്ല'
എട്ട് മാസം ഗർഭിണിയായിരുന്നു, പാരിപ്പള്ളി കുളമട സ്വദേശിനി മീര. കടുത്ത വയറുവേദനയെ തുടർന്ന് ഓഗസ്റ്റ് 11 ന് പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടി. എന്നാൽ, അവിടെ നിന്ന് കൊല്ലം ഗവ. വിക്ടോറിയ വനിത ആശുപത്രിയിലേക്കും, ശേഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും റഫർ ചെയ്യുകയായിരുന്നു.
പല കാരണങ്ങൾ പറഞ്ഞ് ആശുപത്രികളിൽ പരിശോധന പോലും നടത്തിയില്ലെന്ന് മീരയുടെ ബന്ധുക്കൽ ആരോപിക്കുന്നു. ഒടുവിൽ, 15 -ാം തിയതി വയറുവേദന കഠിനമായതോടെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശേഷം, സ്‌കാൻ ചെയ്‌തപ്പോൾ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടു. താമസിക്കാതെ യുവതി പ്രസവിയ്‌ക്കുകയും തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അണുബാധ ഏൽക്കാതിരുന്നതിനാൽ യുവതി അപകടനില തരണം ചെയ്‌തുവെന്നാണ് ലഭിക്കുന്ന വിവരം.
ALSO READ: കേരളത്തിൽപ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി