കൊല്ലം: ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ സംഘം ഫാത്തിമയുടെ കൊല്ലത്തെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. വരും ദിവസങ്ങളിലും സിബിഐയുടെ ചെന്നൈ യൂണിറ്റ് കൊല്ലത്ത് തുടരും.
സിബിഐ ചെന്നൈ യൂണിറ്റ് രാവിലെ പത്ത് മണിയോടെയാണ് ഫാത്തിമയുടെ വീട്ടിലെത്തിയത്. അന്വേഷണ സംഘം എത്തുമെന്ന് നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസം കൂടി അന്വേഷണ സംഘം കൊല്ലത്ത് തുടരും.
2019 നവംബർ 9നാണ് ചെന്നൈ ഐഐടി വിദ്യാർഥിനിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഫാത്തിമയുടെ മൊബൈൽ ഫോണിൽ നിന്ന് അധ്യാപകർക്കെതിരായ മരണ മൊഴി കണ്ടെത്തി. സുദർശനൻ പത്മനാഭൻ എന്ന അധ്യാപകന്‍റെ പേരാണ് പ്രധാനമായും ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു.