കൊല്ലം: ഏരൂരില്‍ നാഡി ചികിത്സയെന്ന പേരില്‍ അമിത അളവില്‍ മെര്‍ക്കുറി അംശം ചേര്‍ത്ത ഗുളികള്‍ നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. വ്യാജവൈദ്യന്മാരുടെ സഹായികളും തെലങ്കാന സ്വദേശികളുമായ മിരിയാല രാജു (25), പ്രദീപ് (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം പാലായില്‍ നിന്നും വെള്ളിയാഴ്‌ച പുലര്‍ച്ചയോടെയാണ് ഏരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.
ഭേദമാകാത്ത അസുഖങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാഡി ചികിത്സയിലൂടെ ചികിത്സിച്ചു ഭേദമാക്കുമെന്ന് ഉറപ്പ് പറഞ്ഞ് പലരില്‍ നിന്നുമായി സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി. ഇവര്‍ ചികിത്സിച്ച പലരും അസുഖം കൂടിയതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കിയതോടെ വ്യാജ വൈദ്യന്‍മാര്‍ ഇവിടെ നിന്നും മുങ്ങി. സ്ത്രീകള്‍ അടക്കമുള്ള എട്ടംഗ സംഘമാണ് തട്ടിപ്പിന് പിന്നില്‍. സംഘം സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ വ്യാജ ചികിത്സ നടത്തി പണം തട്ടി മുങ്ങുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇവരിലെ പ്രധാനിയുടെ പേരോ മറ്റു വിവരങ്ങളോ പിടിയിലായവര്‍ക്ക് അറിയില്ല. ഫോട്ടോയോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുകയെന്നത് പൊലീസിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്.