കൊല്ലം: അഞ്ചല്‍ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവാസി പുറത്തിറങ്ങി. ഏരൂര്‍ അയിലറ സ്വദേശിയാണ് വ്യാഴാഴ്ച നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കുവൈറ്റില്‍ നിന്നും എത്തിയ ഇയാള്‍ അഞ്ചലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ എത്തുന്നത്. എന്നാല്‍ രാവിലെ ആയതോടെ നിരീക്ഷണ കേന്ദ്രത്തിലുള്ളവര്‍ ദിവസവും 700 രൂപ വീതം അടയ്ക്കണം എന്ന് ആവശ്യപ്പെട്ടു.
ഇതിന് കഴിയാതെ ആയതോടെയാണ് താന്‍ പുറത്തേക്ക് ഇറങ്ങിയതെന്ന് പ്രവാസി പറയുന്നു. തുക അടയ്ക്കാന്‍ തയാറായില്ല എങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണം എന്ന് പറഞ്ഞതായും ഇയാള്‍ പറയുന്നു. അഞ്ചല്‍ സ്വകാര്യ ബസ് സ്റ്റാന്‍റില്‍ എത്തിയ ഇയാളെ പിന്നീട് അധികൃതര്‍ എത്തി സ്വന്തം വീട്ടിലേക്ക് നിരീക്ഷണത്തിനായി മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഏരൂര്‍ പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ അറിയിച്ചു.
നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയതിനു പ്രവാസിക്കെതിരെ കേസെടുക്കുമെന്ന് അഞ്ചല്‍ പൊലീസും പറഞ്ഞു. പ്രവാസികള്‍ക്കിടയില്‍ കൊവിഡ് പോസിറ്റീവ് കൂടുതലായി കാണുന്ന സാഹചര്യത്തില്‍ സുരക്ഷ ലഘനം ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.