കൊല്ലം: ലോക്ക്ഡൗണില്‍ വ്യാജ വാറ്റ് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം പരിശോധന നടത്തി. പുത്തൂർ വില്ലേജിലെ മൂഴിക്കോട്, പനവിള ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായം, 600 ലിറ്റർ കോട,ഗ്യാസ് അടുപ്പ് എന്നിവ കണ്ടെടുത്തു. വാറ്റ് സംഘത്തെ പിടികൂടാനായിട്ടില്ല.
പാറക്കെട്ടുകൾക്കിടയിലാണ് പ്രതികള്‍ തമ്പടിച്ച് ചാരായം വാറ്റിയിരുന്നത്. ആര് വന്നാലും കാണാൻ കഴിയുമെന്നതും ഓടി രക്ഷപ്പെടാന്‍ സൗകര്യമുണ്ടെന്നുള്ളതുമാണ് പ്രതികള്‍ ഇവിടെ കേന്ദ്രീകരിക്കാന്‍ കാരണമെന്ന് എക്സൈസ് പ്രിവന്‍റീവ് ഓഫിസർ എ ഷിലു പറഞ്ഞു.
Also Read: 'ലോകത്തോട് പ്രസംഗിക്കുന്നത് ഇവിടെ നടപ്പാക്കൂ' ; മോദിയെ പരിഹസിച്ച് ചിദംബരം
സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പ്രിവന്‍റീവ് ഓഫിസർ അറിയിച്ചു. ഷിലുവിന് പുറമെ സിഇഒമാരായ വിവേക്, സന്തോഷ് കുമാർ, ജോസി, ഹരി പ്രസാദ്, പ്രേംരാജ്, വനിത സിഇഒ ജിഷ.എ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.