കൊല്ലം: വീടുകയറി ആക്രമണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയായ രഞ്ജിത്തിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 22 ന് വടക്കേവിള നഗറില്‍ ഡൊമിനിക്കിനെയും കുടുംബത്തെയുമാണ് ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രഞ്ജിത്ത് സംഭവത്തിന് ശേഷം പന്തളത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സിറ്റി സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഇയാളുടെ ഒളിത്താവളം സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പന്തളം പൊലീസിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീടുകയറി ആക്രമണം നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.