കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിന്‍റെ കാറ് കത്തിക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കാറ് കത്തിക്കല്‍ നാടകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു. കൊട്ടിയത്ത് ഒരു സ്വകാര്യ ഹോട്ടൽ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നിരുന്നു. ഡ്രൈവർമാരുടെ മദ്യപാന സദസിൽ വച്ചാണ് ഗൂഢാലോചന വിവരം പുറത്തായത്.
സംഭവത്തില്‍ ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിന്‍റെയും സഹായി ശ്രീകാന്തിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാര്‍ കോഴിക്കോട് നിന്നും പിടിയിലായി. സംഘത്തിലുണ്ടായിരുന്ന പ്രേം എന്ന ഡ്രൈവറെ മാപ്പുസാക്ഷി ആക്കാനാണ് ആലോചന. കൊവിഡ് ബാധിതൻ ആയ കൃഷ്ണകുമാർ എന്ന പ്രതിയും പോലീസിന്റെ വലയിൽ ഉണ്ട്. നാലംഗ ക്വട്ടേഷന്‍ സംഘമാണ് ആക്രമണ നാടകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിന്‍റെ തലവന്‍ വിനുകുമാര്‍ വിവാദ നായികയുടെ സരിത എസ് നായരുടെ മുഖ്യ സഹായിയാണെന്നും വിവരമുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
തെരഞ്ഞെടുപ്പ് ദിനം പുലർച്ചെ അഞ്ചരയോടെ കണ്ണനല്ലൂർ - കുണ്ടറ റോഡിൽ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഷിജു വർഗീസ് സഞ്ചരിച്ചിരുന്ന കാറിന് നേരേ കത്തുന്ന ഏതോ ദ്രാവകം കുപ്പിയിൽ നിറച്ച് എറിയുകയായിരുന്നു. കാറിന്റെ പിന്നിൽ തട്ടി റോഡിൽ വീണ് തീ പിടിച്ചെങ്കിലും അപകടമുണ്ടായില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ദ്രാവകം നിറച്ച കുപ്പിയും, കുപ്പി പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറും പൊലീസ് വിശദമായി പരിശോധിച്ചതിൽ നിന്നാണ് ഒരാൾ പിടിയിലാകുന്നതും ഗൂഢാലോചന ചുരുളഴിഞ്ഞതും.