കൊല്ലം: ചവറ അരവിന്ദ് ആശുപത്രിയില്‍ രോഗികൾക്ക് ഒപ്പം നില്‍ക്കാൻ ആളെ വേണം. ആശുപത്രി ഹെൽത്ത് സൂപ്രണ്ട് ഷാജി ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ചവറയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സന്നദ്ധരായി എത്തി. പക്ഷേ ഹെൽത്ത് സൂപ്രണ്ട് ഷാജി കൂടുതല്‍ കാര്യങ്ങൾ വിശദീകരിച്ചതോടെ കാര്യത്തിന്‍റെ ഗൗരവം വർദ്ധിച്ചു. പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയുന്നവരോടൊപ്പം തന്നെ നിൽക്കണം, പുറത്ത് പോകാൻ കഴിയില്ല. ഭക്ഷണവും ഉറക്കവുമെല്ലാം ഇവിടെ തന്നെ. മറ്റ് ആൾക്കാരുമായി ബന്ധപ്പെടാൻ പറ്റില്ല. ആശുപത്രി മണിക്കൂറുകൾ ഇടപെട്ട് വൃത്തിയാക്കുകയും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും വേണം. ആശുപത്രി അണുവിമുക്തമാക്കലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ സഹായം ഉറപ്പാക്കുകയും വേണം. അതാണ് ജോലി. പിന്നെ ഒരു പ്രശ്‌നം, ആർക്കെങ്കിലും കോവിഡ് 19 സ്ഥിരീകരിച്ചാൽ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ചിലപ്പോള്‍ അത് 28 വരെയാകാം. അങ്ങനെ വരുമ്പോൾ 42 ദിവസം തന്നെ താമസിക്കേണ്ടി വരും".
കൊവിഡ് പ്രതിരോധത്തില്‍ സന്നദ്ധ പ്രവർത്തകരാകാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് ചവറയിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ എല്‍ ലോയിഡ്, ഒ രമേശ്, അരുൺ, സൂരജ് എന്നിവർ തയ്യാറായി. വിവിധയിടങ്ങളിൽ ജോലി ചെയ്ത് വന്ന റെയിൽവേ യാത്രക്കാരും, അന്യ സംസ്ഥാന തൊഴിലാളികളുമുൾപ്പെടെ നിലവിൽ 30 പേരാണ് കൊറോണ കെയർ സെന്‍ററിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ എട്ട് ദിവസമായി നാല് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയില്‍ സന്നദ്ധ പ്രവർത്തനത്തിലാണ്.