കൊല്ലം : കഞ്ചാവ് ലഹരിയിൽ നടുറോഡിൽ അക്രമം നടത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച യുവാക്കൾ വനിത പൊലീസിനെയടക്കം മർദിച്ചു. തൃക്കരുവ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന സൂരജ് (23), ശക്തികുളങ്ങര സ്വദേശി ശരത് (23) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കൊല്ലം അഞ്ചാലുംമൂട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിൽ വച്ച് കാറിലിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചാലുംമൂട്ടിൽ പൂക്കട നടത്തുന്ന അജിയുടെ വാഹനത്തിലാണ് ബൈക്ക് ഇടിച്ചത്.
ALSO READ: തൃശൂരിൽ കാളകൂറ്റൻ സ്‌കൂട്ടറിൽ ഇടിച്ചു; എ.എസ്.ഐ മരിച്ചു
ഇത് ചോദ്യം ചെയ്ത അജിയെ യുവാക്കൾ മർദിക്കുകയും ഹെൽമെറ്റ് ഉപയോഗിച്ച് തല അടിച്ച് പൊട്ടിക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ തൃക്കരുവ സ്വദേശി ഉല്ലാസിൻ്റെ കാലിലും ഇടിച്ചു. അക്രമത്തിനിടെ പ്രദേശത്തുണ്ടായിരുന്ന നിരവധി പേർക്ക് യുവാക്കളുടെ അടിയേറ്റതായും പൊലീസ് പറയുന്നു.
തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് യുവാക്കളെ പിടികൂടി. സ്റ്റേഷനിലെത്തിയ യുവാക്കൾ അവിടെയും അക്രമം തുടര്‍ന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ വനിത സിവിൽ പൊലീസ് ഓഫിസർ അജിമോളെ യൂണിഫോമിൽ പിടിച്ച് വലിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു.
സ്റ്റേഷനിലെ നിരവധി ഉപകരണങ്ങൾ യുവാക്കൾ തകർത്തു. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇരു സംഭവങ്ങൾക്കും പ്രത്യേകം കേസെടുത്തതായി പൊലീസ് അറിയിച്ചു.