കൊല്ലം: ഇന്ന് (ജൂലൈ 25) ലോക മുങ്ങിമരണ നിവാരണ ദിനം. കരുനാഗപള്ളി തുറയില്‍ കുന്ന് സ്വിമ്മിംഗ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും മുങ്ങി മരണ നിവാരണ ദിനം ആചരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് റോഡപകടങ്ങളിലൂടയും രണ്ടാമത് മുങ്ങിമരണത്തിലൂടെയുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതുക്കൊണ്ടാണ് ജൂലൈ 25ന് ലോകരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്ന ലോക മുങ്ങി മരണ നിവാരണ ദിനമായി ആചരിക്കുന്നത്. വര്‍ഷം തോറും കേരളത്തില്‍ 1200 മുതൽ 1500 വരെയാണ് മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ദുരന്ത നിവാരണ സമിതിയുടെ കണക്ക് പ്രകാരം 2021ല്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ മുങ്ങി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 153 പേരാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വിവിധയിടങ്ങളിലെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചത്. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പന്ത്രണ്ടിലധികം പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊല്ലത്ത് കടലില്‍ മരിച്ചവരുടെയെണ്ണം 70ന് മുകളിലാണ്.
മുങ്ങി മരിക്കുന്നവരില്‍ അധിക പേരും നീന്തല്‍ അറിയുന്നവരാണ്. എന്നാല്‍ അപകടം പതിയിരിക്കുന്ന ജലാശയങ്ങളില്‍ നിന്ന് നീന്തി രക്ഷപ്പെടാന്‍ പലര്‍ക്കും കഴിയാറില്ല. വിനോദ സഞ്ചാരത്തിന് വിവിധയിടങ്ങളിലെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നവരില്‍ പലരും. അതുക്കൊണ്ട് ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ജീവന്‍ രക്ഷ ഉപകരണങ്ങളും ജാക്കറ്റും കൈയില്‍ കരുതണമെന്ന് നീന്തൽ വിദഗ്ധനും പരിശീലകനുമായ രതീഷ് പറയുന്നത്.
also read:പമ്പാ നദിയിൽ വയോധികന്‍ മുങ്ങി മരിച്ചു