കൊല്ലം: കൊല്ലം ജില്ല ജയിലിൽ അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. അഗ്നിശമന സേനയുടെ സഹായത്തോടെ ജയിൽ ഓഫീസും സെല്ലുകളും അണുവിമുക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തി. തെർമോമീറ്റർ ഉപയോഗിച്ച് അന്തേവാസികളുടെ ശരീര ഊഷ്‌മാവ് അളക്കുന്നുണ്ട്. 30 പേർക്ക് ആന്‍റിജൻ ടെസ്റ്റ് നടത്താൻ നിർദേശിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പനി ലക്ഷണങ്ങളെ തുടർന്ന് സ്രവം പരിശോധിച്ചതിൽ നിന്നാണ് 57 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഗുരുതര ലക്ഷണങ്ങൾ ഉണ്ടായ അഞ്ചുപേരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ ചന്ദനത്തോപ്പ് ഗവൺമെന്‍റ് ഐടിഐയിൽ ആരംഭിച്ച പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നിവാസിയായ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥനിൽ നിന്ന് അന്തേവാസികൾക്ക് രോഗം പടർന്നതായാണ് സംശയിക്കുന്നത്. ഒരു അസിസ്റ്റൻറ് പ്രിസൺ ഓഫീസർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.