കൊല്ലം: ഐഐടി വിദ്യാർഥി ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ ചെന്നൈ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കുടുംബം. ചെന്നൈ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് അറിയിച്ചു. മൂന്ന് ഹർജികളാണ് ചെന്നൈ ഹൈക്കാടതിയില്‍ നൽകുക. തന്‍റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറെയും തന്‍റെ മകൾ ഐഷയെയും ചെന്നൈ കോട്ടൂർപുര പൊലീസ് അവഹേളിച്ചത്, മദ്രാസ് ഐഐടിയിൽ തുടരുന്ന വിദ്യാർഥി ആത്മഹത്യകൾ എന്നീ വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ പിതാവ് ചെന്നൈ ഹൈക്കാടതിയെ സമീപിക്കുന്നത്.
ചെന്നൈ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നിലവിലെ അന്വേഷണത്തെ വിശ്വസിക്കുന്നു. തന്‍റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അധ്യാപകരെക്കുറിച്ച് അന്വേഷണം നടത്താൻ മദ്രാസ് ഐഐടി മാനേജ്മെന്‍റ് തയാറാകാത്തതിൽ ദുരൂഹതയുണ്ട്. തന്റെ പക്കൽ കൂടുതൽ തെളിവുകളുണ്ടെന്നും ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അബ്‌ദുൾ ലത്തീഫ് വ്യക്തമാക്കി.