കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ സജ്ജമായി.ആരോഗ്യമന്ത്രി കെ .കെ ശൈലജ വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് താലൂക്ക് ആശുപത്രിയിൽ സി ടി സ്കാൻ യൂണിറ്റ് ഒരുക്കുന്നതെന്ന് ഐഷാപോറ്റി എംഎൽഎ അറിയിച്ചു. ഒരുകോടി 98 ലക്ഷം രൂപ മുടക്കിയാണ് സി ടി സ്കാൻ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ടെലിമെഡിസിൻ സമ്പ്രദായവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ബിപിഎൽ വിഭാഗത്തിന് 900 രൂപയും എപിഎൽ വിഭാഗത്തിന് 1600 രൂപയും ഫീസ് വാങ്ങിയാണ് സേവനം ലഭ്യമാക്കുക. അത്യാധുനിക സംവിധാനം ഉള്ള കുറഞ്ഞ റേഡിയേഷനിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സിറ്റി മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
കൊല്ലം-തിരുമംഗലം ദേശീയപാതയും എം സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ അപകട നിരക്ക് കൂടുതലാണ്. ചെറിയ അപകടത്തിൽ പെടുന്നവരെ പോലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് സി ടി സ്കാൻ പ്രവർത്തനം തുടങ്ങുന്നതോടെ ഒഴിവാക്കാനാകും. ട്രോമാകെയർ യുണിറ്റ് പൂർണ സജ്ജമാകുന്നതോടെ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി 13 ലക്ഷം രൂപ ടെൻഡർ നടപടികൾ പൂർത്തിയായതായും എംഎൽഎ അറിയിച്ചു.