കൊല്ലം: കുളത്തുപ്പുഴയില്‍ ജനവാസ മേഖലയില്‍ ഉണ്ടായ അജ്ഞാത ജീവി ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. കുളത്തുപ്പുഴ ചോഴിയക്കോട് മില്‍പ്പാലത്താണ് ഞായറാഴ്ച രാത്രിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. മില്‍പ്പാലം തസ്നി മന്‍സിലില്‍ യൂസഫ്, അജാസ് മന്‍സിലില്‍ ഷജീല എന്നിവരുടെ ആടുകളെയാണ് അഞ്ജാത ജീവി കടിച്ചു കൊന്നത്. യൂസഫ് ആശുപത്രിയില്‍ ആയതിനാല്‍ അയല്‍വക്കത്തെ ഷജീലയുടെ വീട്ടിലെ കൂട്ടിലാണ് ആടുകളെ കെട്ടിയിരുന്നത്.
രാത്രി പതിനൊന്നു മണിയോടെ ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയിരുന്നു. ആടുകളില്‍ ഒന്നിന്‍റെ ശരീരത്തില്‍ മുറിവ് കണ്ടെത്തുകയും ചെയ്തു. പുലര്‍ച്ചയോടെ വീണ്ടും ആടുകളുടെ ബഹളം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും രണ്ടു ആടുകളെ കടിച്ചു കൊന്നിരുന്നു. ആടുകളുടെ കഴുത്തിലും തലയിലുമാണ് മുറിവുകള്‍. കൂട്ടില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാടിനെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ വനപാലകര്‍ സ്ഥലത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയാകാം ആടുകള്‍ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍.
ചത്ത ആടുകളുടെ കഴുത്തില്‍ കാണപ്പെട്ട ആഴത്തിലുള്ള മുറിവുകളും പുലിയുടെ ആക്രമണമാകാം എന്ന സംശയത്തിന് ബലമേകുന്നു. ഇവിടെ നിന്നും നൂറുമീറ്റര്‍ അകലെയുള്ള രണ്ടു വീടുകളിലെ ആടുകളും ഇന്നലെ രാത്രിയില്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വീട്ടുകാര്‍ എത്തി ബഹളം വച്ചതോടെ ഏതോ ജീവി ഓടിമറഞ്ഞതായി ഇവര്‍ വനപലകരോട് പറഞ്ഞു.
ജനവാസ മേഖലയില്‍ പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. പ്രദേശത്ത് പ്രത്യേക കൂട് സ്ഥാപിക്കുകയും ഒപ്പം ക്യാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം നടത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സെല്‍വകുമാര്‍ അറിയിച്ചു.