കൊല്ലം: അതി രാവിലെ എഴുന്നേറ്റ് നടന്നും സൈക്കിൾ ചവിട്ടിയും ബസില്‍ തൂങ്ങിപ്പിടിച്ചും ട്യൂട്ടോറിയല്‍ കോളജിലേക്ക് ഓടുന്ന കാലം ഓർമയിലേക്ക് മറയുകയാണ്. ഇരിപ്പിടങ്ങൾ ചിതലരിച്ചു തുടങ്ങി. ബോർഡുകളുടെ നിറം മങ്ങി. ഷെഡുകൾ നശിച്ചു തുടങ്ങി. കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയുടെ അഭിമാന കേന്ദ്രങ്ങളായിരുന്ന ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ ഇന്നത്തെ സ്ഥിതിയാണിത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവധിക്കാല ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് മാർച്ച് മാസം അവസാനത്തോടെ ലോക്ക്ഡൗൺ പ്രഖ്യാപനം വന്നത്. അന്ന് പൂട്ടുവീണ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങൾ ഇനിയും തുറന്നിട്ടില്ല. ഏകദേശം രണ്ടു ലക്ഷത്തോളം പേരാണ് സമാന്തര വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്തിരുന്നത്. ഏക വരുമാന മാർഗം നിലച്ച പലരും പട്ടിണിയിലാണ്.
അഡ്‌മിഷൻ ഫീസിനത്തിൽ കിട്ടിയിരുന്ന വരുമാനമാണ് അവധിക്കാല വാടകയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഉപയോഗിച്ചിരുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നാലും ഇനി കാര്യങ്ങൾ എളുപ്പമാകില്ല. എല്ലാ മേഖലകളിലും സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സർക്കാർ മൗനം പാലിച്ചു. കടം വാങ്ങി നടത്തിയ അറ്റകുറ്റപ്പണിയുടെ ബാധ്യത എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവർ. ഉപജീവന മാർഗം നിലച്ചതോടെ പലരും മറ്റ് ജോലികളിലേക്ക് മാറിത്തുടങ്ങി. നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്നതോടെ സർക്കാരിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമാന്തര വിദ്യാഭ്യാസ മേഖല.