കൊല്ലം : കൊല്ലം അഞ്ചാംലുമൂട് മതിലിലെ സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടിയ കൊവിഡ് ബാധിതൻ ചികിത്സയിലിരിക്കെ മരിച്ചു. പനയം കോവിൽമുക്ക് സന്ധ്യസദനത്തിൽ രങ്കൻ ആചാരി (72) ആണ് മരിച്ചത്. ഞായറാഴ്‌ച പുലർച്ചെ 3.30നാണ് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ഇദ്ദേഹം ചാടിയത്.
Read more: ചികിത്സയിലായിരുന്ന കൊവിഡ് ബാധിതൻ ആത്മഹത്യക്ക് ശ്രമിച്ചു
ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിച്ച രങ്കൻ ആചാരിക്ക് വിഷാദ രോഗമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ മരുന്ന് ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും കൊവിഡ് ബാധിച്ച് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം അലട്ടിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചാംലുമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം പോളയത്തോട് ശ്‌മശാനത്തിൽ സംസ്‌കരിച്ചു.