കൊല്ലം: കൊട്ടാരക്കര പുത്തൂർ പാങ്ങോട് ശ്രീനാരായണ മെഡിക്കൽ കോളജിലെ അക്കാഡമിക് ബ്ലോക്ക് കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആക്കുന്നു. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ഭാരവാഹികൾ കെട്ടിടം വിട്ട് നൽകാൻ സന്നദ്ധത അറിയിച്ചു.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിന്‍റെ മേൽനോട്ടത്തിലുള്ള ചികിത്സ കേന്ദ്രമാണിവിടെ തുടങ്ങുക. 120 കിടക്കകൾ സജ്ജമാക്കും. കെട്ടിട സൗകര്യങ്ങളുടെ വിലയിരുത്തലിനായി ഡെപ്യൂട്ടി കലക്ടർ റഹീം, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ജയശങ്കർ, തഹസീൽദാർ നിർമ്മൽ കുമാർ, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് വി രാധാകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ ഡാലി, അഡീ തഹസീൽദാർ പത്മചന്ദ്രക്കുറുപ്പ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ കെ വി പ്രദീപിന്‍റെ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുക്കി. മതിയായ സജ്ജീകരണങ്ങൾ ഒരുക്കി ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.